TV SERIES REVIEW
- actionofficial2023
- Apr 4, 2023
- 2 min read

HBO എന്ന വൻമരത്തിന്റെ കീഴിൽ ഡേവിഡ് സൈമൺ എന്ന പഴയകാല പത്രപ്രവർത്തകൻ വരച്ചിട്ട അഴകേറിയ ഒരു റിയലിസ്റ്റിക് ക്രൈം ഡ്രാമ സീരീസ് ആണ് The Wire ( 2002 - 2008 ) ❤️
2000 കാലഘട്ടത്തിലെ ബാൽട്ടിമോർ സിറ്റിയിലെ മയക്കുമരുന്ന് കടത്ത്, പോലീസ്, തുറമുഖ വ്യാപാരം, രാഷ്ട്രീയം, അഴിമതി, കോടതികൾ, സ്കൂൾ, മീഡിയ- ടിവി എന്നിവയെ വരച്ചു കാട്ടുന്ന സീരീസ് ആണിത്.
വളരെ റിയലിസ്റ്റിക് ആയ അഭിനയവും വിശദമായുള്ള കഥയുമാണ് ദി വയർ എന്ന സീരീസ് നെ ഒരു ടോപ്പ് ക്ലാസ് ലെവലിലേക്ക് മാറ്റുന്നത്. സ്ട്രീറ്റിൽ മയക്കുമരുന്ന് വിൽക്കുന്ന ചെറിയ കുട്ടികൾ മുതൽ , പോലീസ് ഓഫീസർമാർ വരെ വളരെ മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ച ഈ സീരീസ് ന് ഒരൊറ്റ എമ്മി അവാർഡ് പോലും ലഭിച്ചിട്ടില്ല എന്നതാണ് സങ്കടകരമായ കാര്യം. എന്നാൽ BBC യുടെ 21 നൂറ്റാണ്ടിലെ എറ്റവും മികച്ച സീരീസ് പട്ടികയിൽ ഒന്നാമത് എത്തിയത് മറ്റാരുമല്ല.
വളരെ മന്ദഗതിയിൽ, പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്കൾ ഒന്നും ഇല്ലാതെ, ഓരോ സീസണുകളിലും മെല്ലെ മെല്ലെ കഥാപാത്രങ്ങളെ വളർത്തികൊണ്ടുവരുന്ന (character development build) ഈ സീരീസ് ഒരിക്കലും ഒരു ത്രില്ലർ ആണെന്ന് കരുതി കാണരുത്.
ദി വയറിന്റെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ, ഇത് ഒരിക്കലും ഈ ആളാണ് വില്ലൻ എന്നുപറയാതെ ഉള്ളൊരു ആഖ്യാനശൈലിയാണ്. ഒരു പ്രത്യേക വ്യക്തിയേയോ മറ്റുള്ളവരോയോ വില്ലൻ ആണെന്ന് കാണിക്കാതെ ബാൾട്ടിമോർ സിറ്റിയിലെ പ്രശ്നങ്ങളെ ചൂഴ്ന്നു കാണിക്കുന്ന സീരീസിൽ കുഴപ്പക്കാരൻ ആ ഒരു സിറ്റിയും അവിടുത്തെ സാമൂഹിക സാഹചര്യങ്ങളും ആണെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. വയറിലെ തുടക്കത്തിലെയും അവസാനത്തെയും shot കൊണ്ട് ഈ ആശയമാണ് ഡയറക്ടർ പറഞ്ഞുവച്ചിരിക്കുന്നത്.
വളരെ സങ്കീർണമായി രചിക്കപ്പെട്ട തിരക്കഥയിൽ,
Season 1 - മയക്കുമരുന്ന്
Season 2 - തുറമുഖ വ്യാപാരം
Season 3 - തിരഞ്ഞെടുപ്പും, രാഷ്ട്രിയവും
Season 4 - സ്കൂൾ
Season 5 - മാധ്യമങ്ങൾ
എന്നിവയാണ് ഉൾക്കൊള്ളുന്നത്. വളരെ വിശദമായിത്തന്നെ ബാൾട്ടിമോറിന്റെ ഓരോ ഭാഗത്തെയും ചിത്രീകരിക്കാൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആദ്യ സീസണുകളിൽ മയക്കുമരുന്ന് വില്പനക്കാരെ പിടിക്കാനുള്ള പോലീസിന്റെ വളരെ കഷ്ടപ്പാട് നിറഞ്ഞ പ്രവർത്തനങ്ങളെ കാണിക്കുകയാണെങ്കിൽ സീസൺ 2 തൊട്ട് പ്രതിപാദിക്കുന്ന വിഷയം വിശാലമായി മാറുകയാണ്.
നെഗറ്റീവായ കഥാപാത്രമായാലും, പോസിറ്റീവായ കഥാപാത്രമായാലും ഓരോരുത്തരുടെയും അഭിനയം എടുത്തുപറയേണ്ട ഒന്നാണ്. ഏവോൻ ബാർക്‌സ്‌ഡേയിൽ, സ്ട്രിങർ ബെൽ, മക്നൽറ്റി, കിമാ, ബങ്ക്‌സ്, ലെസ്റ്റർ, ഹെർക്, കാർവ്, റോണ്ട, മാർലോ എന്നിങ്ങനെ വളരെ മികച്ച രീതിയിൽ അഭിനയം കാഴ്ച വച്ച കഥാപാത്രങ്ങൾ. ഈ ലിസ്റ്റിൽ അവസാനത്തെത്തും എന്നാൽ വളരെ പ്രധാന്യമേറിയതുമായ കഥാപാത്രമാണ് ഒമാർ ലിറ്റിൽ.
ബാൾട്ടിമോർ സിറ്റിയിലെ മയക്കുമരുന്ന് വില്പനക്കാരെ വിറപ്പിച്ചു നിർത്തിയ, ഒരു തോക്കും കയ്യിലേന്തി തെരുവിലൂടെ ചൂളം വിളിച്ചു വരുന്ന, ദി വയർ കണ്ട/കാണുന്ന ഒട്ടുമിക്ക ആളുകളുടെ പ്രിയപ്പെട്ട കഥാപാത്രമാകാൻ സാധ്യതയുള്ള ഒമർ ലിറ്റിൽ. "Omar comin yo" എന്ന ഒരൊറ്റ വാക്കുമതി ഈ കഥാപാത്രത്തിന്റെ ആഴം മനസിലാക്കാൻ. ഒമർ ആയി അഭിനയിച്ച മൈക്കൽ വില്യംസ് - 2021 സെപ്തംബർ 6 ന് മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം മരണപ്പെട്ടു എന്നത് ആരാധകർക്ക് വളരെ സങ്കടകരമായ വാർത്തയായിരുന്നു.
HBO യുടെ തന്നെ വിശ്വവിഖ്യാത പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് പീറ്റർ ബെയ്‌ലിഷ് ആയി അഭിനയിച്ച ഐഡൻ ഗില്ലെൻ, ദി വയറിൽ ടോമ്മി കാർകെറ്റി എന്ന സുപ്രധാനമായ - മേയർ ആവാൻ ആഗ്രഹിക്കുന്ന - രാഷ്ട്രീയക്കാരനായി വേഷമിട്ടിട്ടുണ്ട്.
ഒരു സമൂഹത്തിന്റെ ജീവിതവും, പ്രശ്നങ്ങളും, അതിന് കണ്ടെത്തുന്ന പരിഹാരങ്ങളും എല്ലാം വളരെ മികച്ച രീതിയിൽ കാണിച്ചിരിക്കുന്ന ഈ സീരീസിനെ മാസ്റ്റർപീസ് എന്ന് തന്നെ വിശേഷിപ്പിക്കാൻ കഴിയുന്നതാണ്.
കഥാപാത്രങ്ങൾ വളരെ കട്ടിയേറിയ ബാൾട്ടിമോർ ആക്സന്റ് (Accent) പറയുന്നതുകൊണ്ട് കാണുന്നവർ പരമാവധി സബ്ടൈറ്റിൽ വച്ചുതന്നെ കാണാൻ ശ്രമിക്കുക. അതുപോലെ ഈ സീരീസ് എല്ലാവരുടെയും കപ്പിലെ ചായയുമല്ല എന്ന കാര്യവും പ്രസക്തമാണ്. (Not everyone's cup of tea)
The Wire - (2002 - 2008)
Director - David Simon
5 Seasons - 60 Episode's
Average Duration - 55 - 60 Minutes
Streaming - Disney+ Hotstar / Hbo Max
BY : NIRANJAN THEKKEDATH
niranjant2003@gmail.com





Comments